ബലഹീനത എപ്പോഴാണുള്ളത് എന്ന് തിരിച്ചറിയുവാനുള്ള ബലവും, ഭയപ്പാടിന്റെ സാഹചര്യങ്ങളിൽ തന്നെ തന്നെ നേരിടുവാനുള്ള ധൈര്യവും, പരാജയത്തിൽ തളരാത്ത സ്വഭാവവും വിജയത്തിൽ വിനയവും സൗമതയുമുള്ള ഒരു മകനെ ദൈവമേ നീ എനിക്കായി രൂപപ്പെടുത്തേണമേ.
നട്ടെല്ലു വേണ്ടിടത്തു വെറും ആഗ്രഹ പ്രകടനം നടത്താത്തവനും. നിന്നെ അറിയുന്നവനും, ആത്മജ്ഞാനമാണ് എല്ലാ അറിവിന്റെയും അടിസ്ഥാനമെന്നു തിരിച്ചറിയുന്നവനുമായ ഒരു മകനെ എനിക്കായി രൂപപ്പെടുത്തേണമേ.
സുഖത്തിന്റെ പാതയിലല്ല സമ്മർദ്ദങ്ങളുടെയും വെല്ലുവിളികളുടെയും വഴിയിലൂടെ അവനെ നടത്തേണമേ. അങ്ങിനെ അവൻ കൊടുങ്കാറ്റിൽ നിവർന്നു നിൽക്കാൻ പഠിക്കട്ടെ.
ഹൃദയ ശുദ്ധിയും ഉന്നത ലക്ഷ്യവുമുള്ളവനും, മറ്റുള്ളവരുടെ നേതാവാകും മുൻപ് സ്വന്തം നേതാവാകുന്നവനും. കരയുന്നതെങ്ങിനെയെന് മറക്കാതെ തന്നെ ചിരിക്കുവാൻ പഠിക്കുന്നവനും. കഴിഞ്ഞ കാലം മറക്കാതെ ഭാവിയിലേക്കു നടക്കുന്നവനുമായ ഒരു മകനെ എനിക്കായി നീ ഒരുക്കു.
ഇതെല്ലം അവനു ലഭിച്ചു കഴിഞ്ഞെങ്കിൽ, സ്വയം അമിത പ്രാധാന്യം കൽപ്പിക്കാതെ എന്നാൽ ഒരിക്കലും ഗൗരവം വിടാതെ ജീവിക്കുവാൻ വേണ്ട നര്മബോധവും അവനു നൽകേണമേ. ശരിയായ മഹത്വത്തിന്റെ ലാളിത്യം എപ്പോഴും ഓർക്കുവാനുള്ള വിനയവും, വിവേകത്തിന്റെ തുറന്ന മനസും, ശരിയായ ശക്തിയുടെ ശാന്തതയും അവനു നൽകേണമേ.
അപ്പോൾ അവന്റെ പകുതിയായ ഞാൻ പറയും എന്റെ ജീവിതം വ്യർത്ഥമായില്ല
ഡഗ്ഗഡ് മക്ആർതർ