അഗസ്ത്യഹൃദയം – മധുസൂദനന് നായര്

ആതുരനായ രാമനെ, ലക്ഷ്മണൻ അഗസ്ത്യകൂടത്തിലേക്കു നയിക്കുന്നതായി കൽ‌പ്പിച്ചു കൊണ്ടാണ് അഗസ്ത്യ ഹൃദയം എന്ന കവിതയുടെ ആരംഭം. രക്ഷയുടെ ബിന്ദുവാണ് അഗസ്ത്യൻ. രാമരാവണയുദ്ധത്തിൽ തളർന്ന രാമന്റെ രക്ഷകനായി മാറുന്നു അഗസ്ത്യൻ. എന്നാൽ ഇന്നത്തെ രാമൻ അഗസ്ത്യനെ തേടി അലയുന്നു. സഹജീവജാലങ്ങളുടെ ശ്രേയസ്സിനും പ്രേയസ്സിനുമുള്ള കർമ്മം ചെയ്യാതെ, സ്വാധികാരമദം കൊണ്ട്, സ്വയം ആതുരനും അരക്ഷിതനും ആയിത്തീർന്ന നവരാമൻ അഭയം തിരക്കുന്നവനാണ്. സ്വന്തം ശരീരമാകുന്ന കുടത്തിൽ, മനസ്സെന്ന കുടത്തിൽ, വാക്ക് എന്ന കുടത്തിൽ അഗസ്ത്യനുണ്ട്. ആ അഗസ്ത്യനെ ശാരീരികവും മാനസികവുമായ തപസ്സു കൊണ്ടേ ഉണർത്താനാകൂ. പ്രപഞ്ചസാകല്യബോധത്തിൽ നിന്നാണ് ആ തപോനിർവഹണത്തിനുള്ള ശക്തി ആവാഹിക്കേണ്ടത്.

ഇരുളിൻ ജരായുവിലമർന്നിരിക്കുന്നൊരീ
കുടമിനി പ്രാർഥിച്ചുണർത്താൻ
ഒരുമന്ത്രമുണ്ടോ.?രാമ
നവമന്ത്രമുണ്ടോ..???

മധുസൂദനൻ നായരുടെ മറ്റു കവിതകളെ പോലെ തന്നെ അർത്ഥസമ്പുഷ്ടത നിറഞ്ഞു തുളുമ്പുന്ന കവിതയാണ് ഇതും. വരികളുടെ ശില്പചാരുതയും എടുത്തു പറയേണ്ടതാണ്.

അഗസ്ത്യഹൃദയം

രാമ, രഘുരാമ നാമിനിയും നടക്കാം
രാവിന്നു മുന്‍പേ കനല്‍ക്കാട് താണ്ടാം
നോവിന്റെ ശൂലമുനമുകളില്‍ കരേറാം
നാരായബിന്ദുവില്‍ അഗസ്ത്യനെ കാണാം..

ചിട നീണ്ട വഴിയളന്നും പിളർന്നും കാട്ടു-
ചെടിയുടെ തുടിക്കുന്ന കരളരിഞ്ഞും
ചിലയുമമ്പും നീട്ടിയിരതിരഞ്ഞും ഭാണ്ഡ-
മൊലിവാർന്ന ചുടുവിയർപ്പാൽ പൊതിഞ്ഞും
മലകയറുമീ നമ്മളൊരുവേള ഒരുകാത-
മൊരുകാതമേ ഉള്ളു മുകളീലെത്താൻ..

ഇപ്പഴീ അനുജന്റെ ചുമലില്‍ പിടിക്കൂ
ഇപ്പാപശ്ശില നീ അമര്‍ത്തിച്ചവിട്ടൂ..
ഇപ്പഴീ അനുജന്റെ ചുമലില്‍ പിടിക്കൂ
ഇപ്പാപശ്ശില നീ അമര്‍ത്തിച്ചവിട്ടൂ..
ജീവന്റെ തീമഴുവെറിഞ്ഞു ഞാന്‍ നീട്ടും
ഈ വഴിയില്‍ നീ എന്നിലൂടെക്കരേറൂ

ഗിരിമകുടമാണ്ടാല്‍ അഗസ്ത്യനെക്കണ്ടാൽ
പരലുപോലത്താരമിഴിയൊളിപുരണ്ടാൽ
കരളിൽ കലക്കങ്ങൾ തെളിയുന്ന പുണ്യം
ജ്വരമാണ്ടൊരുടലിന്നു ശാന്തിചൈതന്യം..

ഒടുവിൽ നാമെത്തി ഈ ജന്മശൈലത്തിന്റെ
കൊടുമുടിയില്‍, ഇവിടാരുമില്ലേ..
വനപർണ്ണശാലയില്ലല്ലോ, മനംകാത്ത
മുനിയാമഗസ്ത്യനില്ലല്ലോ
മന്ത്രം മണക്കുന്ന കാറ്റിന്റെ കൈകൾ
മരുന്നുരയ്ക്കുന്നതില്ലല്ലോ..
പശ്യേമശരദശ്ശതം ചൊല്ലി നിന്നോരു
പാച്ചോറ്റി കാണ്മതില്ലല്ലോ
രുദ്രാക്ഷമെണ്ണിയോരാ നാഗഗന്ധിതൻ
മുദ്രാദലങ്ങളില്ലല്ലോ…
അഴലിൻ നിഴൽകുത്തു മർമ്മം ജയിച്ചോരു
തഴുതാമ പോലുമില്ലല്ലോ..

ദാഹം തിളച്ചാവിനാഗമാകുന്നൊരാ
ദിക്കിന്റെ വക്ക് പുളയുന്നു
ചിത്തങ്ങൾ ചുട്ടുതിന്നാടുന്ന ചിതകളുടെ
ചിരിപോലെ ചിതറിയ വെളിച്ചമമറുന്നു
കന്മുനകൾ കൂർച്ചുണ്ടു നീട്ടി അന്തിക്കിളി-
പ്പൂമേനി കൊത്തിപ്പിടിച്ചിരിക്കുന്നു..
ഭൗമമൗഡ്യം വാ തുറന്നുള്ളിൽ വീഴുന്ന
മിന്നാമിനുങ്ങിനെ നുണച്ചിരിക്കുന്നു..

മലവാത തുപ്പും കനൽച്ചീളുകൾ നക്കി
മലചുറ്റിയിഴയും കരിന്തേളുകൾ മണ്ണി-
ലഭയം തിരക്കുന്ന വേരിന്റെ ഉമിനീരില്‍
അപമൃത്യുവിൻ വാലുകുത്തിയാഴ്തുന്നു
ചുറ്റും ത്രിദോഷങ്ങൾ കോപിച്ചു ഞെക്കുന്ന
വന്ധ്യപ്രദോഷം വിറുങ്ങലിക്കുന്നു
സന്നിപാതത്തിന്റെ മൂർച്ചയാലീ ശൈല-
നാഡിയോ തീരെത്തളർന്നിരിക്കുന്നു..
ബ്രഹ്മിയും കുപ്പക്കൊടിത്തൂവയും തേടി
അഗ്നിവേശൻ നീല വിണ്ണു ചുറ്റുന്നു..

ദാഹമേറുന്നോ.. രാമ, ദേഹമിടറുന്നോ..

നീർക്കിളികൾ പാടുമൊരു ദിക്കുകാണാം അവിടെ
നീർക്കണിക തേടി ഞാനൊന്നു പോകാം
കാലാൽത്തടഞ്ഞതൊരു കൽച്ചരലുപാത്രം
കയ്യാലെടുത്തതൊരു ചാവുകിളി മാത്രം
കരളാൽക്കടഞ്ഞതൊരു കൺചിമിഴുവെള്ളം
ഉയിരാൽപ്പിറപ്പ് വെറുമൊറ്റമൊഴി മന്ത്രം

ആതുരശരീരത്തിലിഴയുന്ന നീർന്നാഡി
അന്ത്യപ്രതീക്ഷയായ് കാണാം
ഹരിനീലതൃണപാളി തെല്ലുണ്ട് തെല്ലിട-
യ്ക്കിവിടെയിളവേൽക്കാം
തിന്നാൻ തരിമ്പുമില്ലെങ്കിലും കരുതിയൊരു
കുംഭം തുറക്കാം
അതിനുള്ളിലളയിട്ട നാഗത്തെവിട്ടിനി-
ക്കുടലു കൊത്തിക്കാം
വയറിന്റെ കാളലും കാലിന്റെ നോവും ഈ
വ്യഥയും മറക്കാം
ആമത്തിലാത്മാവിനെത്തളയ്ക്കുന്നൊരീ
വിഷമജ്വരത്തിന്റെ വിഷമിറക്കാം
സ്വല്പം ശയിക്കാം.. തമ്മിൽ
സൗഖ്യം നടിക്കാം..

നൊമ്പരമുടച്ചമിഴിയോടെ നീയെന്തിനോ
സ്തംഭിച്ചു നിൽക്കുന്നുവല്ലോ..
കമ്പിതഹൃദന്തമവ്യക്തമായോർക്കുന്ന
മുൻപരിചയങ്ങളാണല്ലേ..

അരച, നിന്നോർമ്മയിലൊരശ്രുകണമുണ്ടോ,
അതിനുള്ളിലൊരു പുഷ്പനൃത്തകഥയുണ്ടോ..
കഥയിലൊരുനാൾ നിന്റെ യൗവ്വനശ്രീയായ്
കുടികൊണ്ട ദേവിയാം വൈദേഹിയുണ്ടോ..?
ഉരുവമറ്റഭയമറ്റവളിവിടെയെങ്ങോ
ഉരിയവെള്ളത്തിന്നു കുരലുണക്കുന്നു..
അവളൊരു വിതുമ്പലായ് തൊണ്ട തടയുന്നു
മൃതിയുടെ ഞരക്കമായ് മേനി പിഴിയുന്നു..

അവള്‍ പെറ്റ മക്കള്‍ക്ക് നീ കവചമിട്ടു
അന്യോന്യമെയ്യുവാനസ്ത്രം കൊടുത്തു
അഗ്നിബീജം കൊണ്ടു മേനികള്‍ മെനഞ്ഞു
മോഹബീജം കൊണ്ടു മേടകള്‍ മെനഞ്ഞു
രാമന്നു ജയമെന്ന് പാട്ട് പാടിച്ചു
ഉന്മാദവിദ്യയില്‍ ബിരുദം കൊടുത്തു
നായ്ക്കുരണ നാവില്‍ പുരട്ടിക്കൊടുത്തു
നാല്ക്കവല വാഴാന്‍ ഒരുക്കിക്കൊടുത്തു
ആ പിഞ്ചു കരളുകള്‍ ചുരന്നെടുത്തല്ലേ
നീ പുതിയ ജീവിതരസായനം തീര്‍ത്തു..
നിന്റെ മേദസ്സില്‍ പുഴുക്കള്‍ കുരുത്തു
മിന്റെ മൊഴി ചുറ്റും വിഷചൂര് തേച്ചു..

എല്ലാമെരിഞ്ഞപ്പോളന്ത്യത്തില്‍
നിന്‍ കണ്ണില്‍ ഊറുന്നതോ നീലരക്തം
നിന്‍ കണ്ണിലെന്നുമേ കണ്ണായിരുന്നോരെന്‍
കരളിലോ.., കരളുന്ന ദൈന്യം..

ഇനിയിത്തമോഭൂവിലവശിഷ്ടസ്വപ്നത്തി-
നുലയുന്ന തിരിനീട്ടി നോക്കാം
അഭയത്തിനാദിത്യ ഹൃദയമന്ത്രത്തിന്നും
ഉയിരാമഗസ്ത്യനെത്തേടാം
കവചം ത്യജിക്കാം ഹൃദയ-
കമലം തുറക്കാം..

ശൈലകൂടത്തിന്റെ നിടിലത്തിനപ്പുറം
ശ്രീലമിഴി നീർത്തുന്ന വിണ്ണിനെക്കണ്ടുവോ..
അമൃതത്തിനമൃതത്വമേകുന്ന ദിക്കാല-
ഹൃദയങ്ങളിൽ നിന്നു തൈലങ്ങൾ വാറ്റുന്ന
തേജസ്സുമഗ്നിസ്ഫുടം ചെയ്തു നീറ്റുന്ന
ഓജോബലങ്ങൾക്കു ബീജം വിതയ്ക്കുന്ന
ആപോരസങ്ങളെ ഒരാരായിരംകോടി
ആവർത്തിച്ച് പുഷ്പരസശക്തിയായ് മാറ്റുന്ന
അഷ്ടാംഗയോഗമാർന്നഷ്ടാംഗഹൃദയത്തി-
നപ്പുറത്ത് അമരത്വയോഗങ്ങൾ തീർക്കുന്ന
വിണ്ണിനെക്കണ്ടുവോ.. വിണ്ണിനെക്കണ്ടുവോ..
വിണ്ണിന്റെ കയ്യില്‍, ഈ വിണ്ണിന്റെ കയ്യില്‍
ഒരു ചെന്താമരച്ചെപ്പുപോലെ അമരുന്നൊരീ
മൺകുടം കണ്ടുവോ.. ഇതിനുള്ളിലെവിടെയോ
എവിടെയോ തപമാണഗസ്ത്യൻ..

ഊര്‍ദ്ദ്വന്‍ വലിക്കുന്ന ജീവകോശങ്ങളുടെ
വ്യര്‍ത്ഥ ഹൃദയച്ചൂടിലടയിരിക്കുന്നൊരീ
അന്തിമസ്വപ്നത്തിനണ്ഡങ്ങള്‍ കണ്ടുവോ
അവയിലെ ചീയുന്ന രോദന കേട്ടുവോ
തേങ്ങലില്‍ ഈറന്‍ കുടത്തിങ്കലെവിടെയോ
എവിടെയോ തപമാണഗസ്ത്യന്‍..

സൗരസൗമ്യാഗ്നികലകൾ കൊണ്ട് വർണ്ണങ്ങൾ
വീര്യദലശോഭയായ് വിരിയിച്ച പുൽക്കളിൽ
ചിരജീവനീയ സുഖരാഗവൈഖരി തേടു-
മൊരുകുരുവിതൻ കണ്ഠനാളബാഷ്പങ്ങളിൽ
ഹൃന്മദ്ധ്യദീപത്തിൽ നിശബ്ദമൂറുന്ന
ഹരിതമോഹത്തിന്റെ തീർത്ഥനാദങ്ങളിൽ
വിശ്വനാഭിയില്‍ അഗ്നിപദ്മപശ്യന്തിക്ക്
വശ്യത ചുരത്തുന്ന മാതൃനാളങ്ങളിൽ
അച്യുതണ്ടിന്‍ അന്തരാളത്തിലെ പരാ-
ശബ്ദം തിരക്കുന്ന പ്രാണഗന്ധങ്ങളിൽ
ബ്രഹ്മാണ്ഡമൂറും മൊഴിക്കുടത്തിന്നുള്ളി-
ലെവിടെയോ തപമാണഗസ്ത്യൻ..

ഇരുളിൻ ജരായുവിലമർന്നിരിക്കുന്നൊരീ
കുടമിനി പ്രാർഥിച്ചുണർത്താൻ
ഒരുമന്ത്രമുണ്ടോ..
രാമ, നവമന്ത്രമുണ്ടോ..?

Leave a Reply

Related Posts

Ameer. M.A

Full Stack Developer

I am a Full Stack web developer, Progressive Web Apps (PWA) Developer, Hybrid mobile app developer, and ERP consultant from Kerala, India.

Ameer. M.A

Explore